Essaar

മലയാള ചലച്ചിത്ര രംഗത്ത് അദ്വിതീയ സ്ഥാനമുള്ള നടനാണ് മധു. സത്യനും, പ്രേം നസീറും ചലച്ചിത്ര രംഗത്ത് പ്രവേശിച്ച് അധികകാലമാകും മുമ്പ് തന്നെ മധുവും തന്റെ അരങ്ങേറ്റം നടത്തിയിരുന്നു. എന്നാൽ സത്യന്റെയും പ്രേം നസീറിന്റെയും ഒപ്പം ആസ്വാദക ശ്രദ്ധയാകർഷിക്കാൻ ആദ്യകാലത്ത് മധുവിനും കഴിഞ്ഞിരുന്നില്ല. പ്രതിഭാധനനായിരുന്ന രാമു കാര്യാട്ടിന്റെ ചെമ്മീൻ എന്ന ചിത്രമാണ് ആ സ്ഥിതിക്കൊരു മാറ്റമുണ്ടാക്കിയത്.

ചെമ്മീൻ മധുവിനെ അഖിലേന്ത്യാ പ്രശസ്ഥനാക്കി. അന്തർദ്ദേശീയമായിപ്പോലും ചെമ്മീനിലെ നായകൻ എന്ന നിലയിൽ മധു ശ്രദ്ധിക്കപ്പെട്ടു. പിന്നീടങ്ങോട്ട് മധുവിനു തുടരെ ചിത്രങ്ങൾ കിട്ടിയെങ്കിലും സവിശേഷ സ്വഭാവമുള്ള കഥാപാത്രങ്ങൾ വിരളമായിരുന്നു. എന്നാൽ പി മേനോന്റെ ഓളവും തീരവും പി. ഭാസ്കരന്റെ ഉമ്മാച്ചു എന്നീ ചിത്രങ്ങളിൽ മധു അവതരിപ്പിച്ച കഥാപാത്രങ്ങൾ പ്രേക്ഷക മനസ്സുകളെ കീഴടക്കി.

ഉമ്മാച്ചുവിലെ മായനെ അവതരിപ്പിക്കാൻ അവസരം കൈവന്നതോടെയാണ്. ശക്തരായ കഥാപാത്രങ്ങൾ മധുവിൻറെ കയ്യിൽ സുരക്ഷിതമാണെന്ന ബോധം ചലച്ചിത്ര വേദിക്കുണ്ടാകുന്നത്. സത്യനുശേഷം ശക്തനായ ഒരു നടൻ എന്നു മധുവിനെ ചൂണ്ടിക്കാട്ടാൻ ആരും മടിച്ചില്ല.

നിലനില്പുറപ്പിക്കാൻ നന്നേ പാടുപെട്ട നടനാണ് മധു കലയോടുള്ള അഭിനയത്തോടുള്ള മമതകൊണ്ടുമാത്രം കോളേജ് ലക്ചറർ ജോലിയുപേക്ഷിച്ച് സിനിമാരംഗത്തെത്തിയ ഈ നടൻ ധിരവധി പ്രതിബന്ധങ്ങളെ അതിജീവിച്ചാണ് ഈ നിലയിലെത്തിയത്.

ഇന്നും മലയാള ചലച്ചിത്രവേദിയുടെ അതിശക്തനായ പ്രതിനിധിയാണ് മധു. ഒരു നടൻ മാത്രമല്ല, സംവിധായകൻ, നിർമ്മാതാവ് സ്റ്റുഡിയോ ഉടമ എന്നീ നിലകളിലെല്ലാം അഭിനന്ദനീയമായ പല കാര്യങ്ങളും ചെയ്തുവെയ്ക്കുവാൻ മധുവിനു കഴിഞ്ഞു.

ചെമ്മീനിനുശേഷം മധുവിനും അവസരങ്ങൾ ധാരാളം കിട്ടിയിരുന്നെങ്കിലും നല്ല ഇമേജുണ്ടാക്കുന്ന വേഷങ്ങൾ കുറവായിരുന്നു.

തീക്കനൽ എന്ന ചിത്രത്തോടെയാണു എല്ലാത്തരം ആരാധകരുടേയും ബഹുമാന്യനായ നടനായി മധു മാറിയത്. മധു സംവിധാനം ചെയ്ത് അഭിനയിച്ച ആ ചിത്രത്തോടെ മധു ശ്രീവിദ്യ ടീം പ്രേക്ഷകരുടെ ഇഷ്ട ജോഡികളായിത്തീർന്നു. ആ നടൻ അഭിനയിക്കുന്ന എതു ചിത്രവും വമ്പിച്ച വിജയം കരസ്ഥമാക്കും എന്ന നില വന്നുചേർന്നു. 

‘പ്രിയ’ എന്ന ചിത്രം പുറത്തുവന്നപ്പോൾ മധു സംവിധായകൻ കൂടിയായി. അതിൽ നായകനായി അഭിനയിച്ചതും മധു തന്നെ. പ്രിയ സാർവത്രികമായ അംഗീകാരം നേടിയെടുത്തു. സാമ്പത്തികമായി വൻവിജയം നേടി. പിന്നീട് മധുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിന്ദൂരച്ചെപ്പ്, സതി, കാമം ക്രോധം മോഹം അക്കൽദാമ, മാന്യശ്രീ വിശ്വാമിത്രൻ, തീക്കനൽ എന്നീ ചിത്രങ്ങളെല്ലാം നല്ലനിലവാരം പുലർത്തിയതിനോടൊപ്പം തന്നെ സാമ്പത്തിക വിജയങ്ങളുമായി.

ഇതിനിടെയാണ് ഒരു ഫിലിം സ്റ്റുഡിയോ സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ മധു ആരംഭിച്ചത്. ആദ്യകാലത്തും അതൊരു തീക്കളിയാണെന്നു മധുവിനെ പലരും ഉപദേശിച്ചെങ്കിലും അദ്ദേഹം തന്റെ തീരുമാനത്തിൽ ഉറച്ചു നിൽക്കുകയും സ്റ്റുഡിയോ സ്ഥാപിക്കുകയും ചെയ്തു. ഇന്നു ധാരാളം ചിത്രങ്ങൾ ഉമാ സ്റ്റുഡിയോയിൽ നിന്നും പുറത്തിറങ്ങുന്നു.

ഒരു നടൻ ഒരു നല്ല സംവിധായകനാകുമ്പോൾ ആ പ്രതിഭയെ അംഗീകരിക്കുമെങ്കിലും അതൊരു വലിയകാര്യമായി പലർക്കും തോന്നുകയില്ല. എ എന്നാൽ ഒരു സ്റ്റുഡിയോ കെട്ടിപ്പടുക്കുക എന്നത് നിസ്സാരകാര്യമല്ല. സാമ്പത്തിക ഭദ്രത പ്രശ്നമല്ലെങ്കിൽപ്പോലും അചഞ്ചലമായ വിശ്വാസവും ധൈര്യവും അക്കാര്യത്തിനുണ്ടായേ മതിയാവൂ. എത്ര പണമുണ്ടായാൽപ്പോലും ആരും പെട്ടെന്നൊരു സ്റ്റുഡിയോ ഉടമ ആകണമെന്നാഗ്രഹിക്കാത്തതിന്റെ കാരണവും ഇതുതന്നെ. ഇന്നു മലയാള സിനിമാരംഗത്തു ഉമാ സ്റ്റുഡിയോ അവഗണിക്കാനാവാത്ത ഒരു സ്ഥാപനമായി ഉയർന്ന് കഴിഞ്ഞു. 

ആദ്യ കാലത്തു തന്നെ ഉത്സാഹമുള്ള ചെറുപ്പക്കാരനായിരുന്നു മധു, ആ ഉത്സാഹമാണു ആ നടൻ ഉയർച്ച യുടെ അടിസ്ഥാനം .

മധു ഈ രംഗത്തെത്തിയതു ഇതിന്റെ നേട്ടങ്ങൾ എണ്ണിത്തിട്ടപ്പെടുത്തിയിട്ടല്ല. ഇന്നത്തെപ്പോലെ ആർക്കും നടനാകാനോ സംവിധായകനാകാനോ പറ്റുന്ന കാലമായിരുന്നില്ല അന്ന്. അഭിനയം കൊണ്ടു ലക്ഷക്കണക്കിനു സമ്പാദിക്കാം എന്ന മോഹവും അന്നും ആരും വച്ചു പുലർത്തിയിരുന്നില്ല. സിനിമാരംഗത്തു കടന്നു കൂടാനും, നിലനിൽപ്പുറപ്പിക്കുവാനും വളരെയധികം പ്രതിബന്ധങ്ങളെ തരണം ചെയ്യേണ്ട അവസ്ഥ നിലനിന്നിരുന്നപ്പോഴാണ് മധു എല്ലാം ഇട്ടെറിഞ്ഞും ഡൽഹി ഡ്രാമ സ്‌കൂളിൽ ചേർന്നതെന്നോർക്കണം. അഭിനയം തൊഴിലാക്കുന്നവരുടെ ഭാവി അനിശ്ചിതത്വത്തിൽ തൂങ്ങിനിന്ന അവസരത്തിലാണ് മധു ചലച്ചിത്ര നടനായി അരങ്ങേറുന്നത്.

എന്തായാലും വിചാരിച്ചതും. അതിനപ്പുറവും നേടിയെടുത്തു എന്നഭിമാനിക്കാൻ മധുവിനു വകയുണ്ട്. 

മധു സംവിധായകനോ നിമ്മാതാവോ സ്റ്റുഡിയോ ഉടമയോ ഒക്കെയാണെങ്കിലും നടനേക്കാൾ വലുതല്ല അതൊന്നും മധുവിന്റെ വ്യക്തിത്വത്തിനു തിളക്കം വർദ്ധിപ്പിക്കുന്നതു നടൻ എന്ന പദവി തന്നെ.

അസാധാരണ സ്വഭാവമുള്ള എത്രയോ കഥാപാത്രങ്ങളെ മധു അവിസ്മരണീയമാക്കിയിരിക്കുന്നു. ഉമ്മാച്ചുവിലെ മായനും, തീക്കനലിലെ വിനോദും, ഇതാ ഇവിടെ വരിയിലെ പൈലിയും, ഹൃദയം ഒരു ക്ഷേത്രത്തിലെ ഡോക്ടറും ഒക്കെ മലയാളികളുടെ മനസ്സിൽ നിന്നും ഒരുക്കലും മായ്ച്ചുകളയാനാകാത്ത വിധം വ്യക്തിത്വമാർജ്ജിച്ചിരിക്കുന്നു.

മധുവിനു സമാനനായ ഒരു നടൻ ഇന്ന് മലയാളത്തിലില്ല. അഖ്യലേന്ത്യാതലത്തിലായാലും സ്ഥിതി മറിച്ചല്ല. എന്നാൽ ഇന്നുവരെ ഒരു ദേശീയ അവാർഡോ. എന്തിനു ഒരു സംസ്ഥാന അവാർഡു പോലും മധുവിനു ലഭിച്ചിട്ടില്ല. ഒരളവിൽ അതിൽ അത്ഭുതപ്പെട്ടിട്ടു കാര്യമില്ല. ഇന്ത്യയിൽ ജന്മമെടുത്തിട്ടുള്ള ഏറ്റവും വലിയ നടന്മാരിലൊരാളായിരുന്ന സത്യന് ദേശീയ അവാർഡ് ലഭിച്ചിരുന്നില്ലല്ലോ? ശിവാജിഗണേശന്റെ സ്ഥിതിയും മറിച്ചല്ല. ശിവാജിക്കു ഇന്നുവരെ ഭരത് അവാർഡ് കിട്ടിയിട്ടില്ല.

അവാർഡ് ലഭിച്ചില്ലെന്നു കരുതി ഒരു നടന്റെ മഹത്വം ഒട്ടും കുറയുന്നില്ല. അതിനുദാഹരണങ്ങളാണല്ലോ മധുവും, ശിവാജിഗണേശനും മറ്റും.

എൺപത്തി ഒന്നിൽ മധു അഭിനയിച്ച് പുറത്തു വന്ന ചിത്രങ്ങളുടെ എണ്ണം പതിനൊന്നാണ്. ഇതിൽ ഭൂരിഭാഗം ചിത്രങ്ങളിലും മധുവിനും നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള അവസരമുണ്ടായി.

താറാവിലെ ചേന്നനും, സംഭവത്തിലെ മത്തായിയും, അവിസ്മരണീയങ്ങളായ കഥാപാത്രങ്ങളാണ്. രക്തത്തിലെ വിശ്വവും, ആക്രമണത്തിലെ ലോറി ഡ്രൈവറും, അർച്ചന ടീച്ചറിലെ ഹെഡ്മാസ്റ്ററും, ഗൃഹലക്ഷ്മിയിലെ ഇരട്ട വേഷവും എല്ലാം എടുത്തു പറയേണ്ടവ തന്നെ.

പ്രതികാരവാഞ്ചയും, ഒപ്പം തെറ്റു ചെയ്യുന്നതിലുള്ള കുറ്റബോധവും ഉള്ളിലൊതുക്കി എപ്പോഴും ജീവിതത്തിൽ നിന്നും ഒളിച്ചോടാൻ ശ്രമിച്ചുപോന്ന ചേന്നന്റെ വികാരം എത്ര ഫലവത്തായിട്ടാണ് മധു അവതരിപ്പിച്ചത്.

താറാവിലെ ചേന്നൻ മധുവിന്റെ ഒരു പഴയ ചിത്രത്തിലെ കഥാപാത്രത്തെ ഓർമ്മപ്പെടുത്തുന്നു. രണ്ടും തമ്മിലു ള്ള സാമ്യം കൊണ്ടല്ല അത്.

വർഷങ്ങൾക്കു മുമ്പ് പുറത്തിറങ്ങിയ നാടൻ പ്രേമം എന്ന ചിത്രത്തിൽ മധു അവതരിപ്പിച്ച കഥാപാത്രം ഇന്നും ആ ചിത്രം കണ്ടവർ മറന്നിരിക്കാനിടയില്ല. ആ കഥാപാത്രത്തിനു ഒരു പുതിയ മാനം നൽകാൻ അന്നു മധുവിനു കഴിഞ്ഞു. അതുപോലെയാണ് ചേന്നന്റെ കാര്യവും. കഥാകൃത്തിന്റെ പാത്രസൃഷ്ടിയേയും കടത്തി വെട്ടുന്ന തരത്തിൽ ചേന്നനെ മധുവിന്റെ അസാധാരണമായ അനശ്വരനാക്കാൻ അഭിനയശേഷി സഹായിച്ചു. 

നാല്പത്തിനാലു വർഷത്തെ മലയാള ചലച്ചിത്ര രംഗത്തിന്റെ ചരിത്രം മറക്കാൻ കഴിയാത്ത ചില വ്യക്തികളുടെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്നു. കോശി, പരീക്കുട്ടി, കുഞ്ചാക്കോ, സുബ്രഹ്മണ്യം, രാമു കാര്യാട്ട്, സത്യൻ, പ്രേം നസീർ എന്നീ വ്യക്തികളുടെ പേരുകൾ സ്മരിക്കപ്പെടുമ്പോൾ മധുവിന്റെ നാമം അതിനു മുകളിലോ താഴെയോ അല്ല ആ നിരയിൽ തന്നെ കാണും. തീർച്ച.


1982 ഫെബ്രുവരി 07 ലക്കം നാന സിനിമാ വാരികയിൽ പ്രസിദ്ധീകരിച്ച എസ്സാർ എഴുതിയ ലേഖനം.
©Nana Film Weekly/1984