B. C. Nowfal

“ആശയ ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ ആണ് നമ്മുടെ സിനിമ ഇപ്പോൾ നിലയുറപ്പിച്ചിട്ടുള്ളത്. എത്രയോ തവണ പറഞ്ഞു മടുത്ത കാര്യങ്ങൾ തന്നെ വീണ്ടും ആവർത്തിക്കുന്ന പ്രവണതയും വ്യാപകമായി. അന്യഭാഷ ചിത്രങ്ങളിൽ നിന്നും കടമെടുത്ത അഥവാ മോഷ്ടിക്കപ്പെട്ട പ്രമേയങ്ങൾ മലയാളികരിച്ചവതരിപ്പിച്ച് ആസ്വാദകനെ കബളിപ്പിക്കുന്ന രീതിയും സാധാരണമായിരിക്കുന്നു. ഇതാ ഇപ്പോൾ പ്രേക്ഷകൻ ശക്തിയായി പ്രതികരിക്കാനാരംഭിച്ചപ്പോൾ എന്തു ചെയ്യണം എന്നറിയാതെ കൂട്ടക്കരച്ചിലും തുടങ്ങിയിരിക്കുന്നു.”

പ്രതിസന്ധിക്ക് പിന്നിലെ വസ്തുതകളെ വിശകലനം ചെയ്തുകൊണ്ട് പ്രശസ്ത ഗാനരചയിതാവും സംവിധായകനുമായ പി. ഭാസ്കരൻ പ്രസ്താവിച്ചു.

വികാസ പരിണാമഘട്ടങ്ങളിലൂടെ കടന്നു മലയാള സിനിമ സിൽവർ ജൂബിലി വർഷത്തിലേക്ക് കടന്നിരിക്കുന്നു. മലയാള സിനിമയുടെ ശക്തിയെക്കുറിച്ച് നമുക്ക് അഭിമാനിക്കാൻ വക നൽകുന്ന എത്ര ചിത്രങ്ങൾ ഇന്നിറങ്ങുന്നുണ്ട്.? - പി. ഭാസ്കരന്റെ മുനവെച്ച ചോദ്യം.

“കഴിഞ്ഞ കാലങ്ങളിൽ ഇറങ്ങിയ എണ്ണപ്പെട്ട ചില സിനിമകൾ നമുക്ക് നൽകിയ അംഗീകാരങ്ങൾ മാത്രമാണ് നമുക്കിന്ന് എടുത്തു കാണിക്കാൻ പാകത്തിനുള്ളു. ഇതരഭാഷാ ചിത്രങ്ങൾ വളർച്ചയുടെ ഘട്ടങ്ങൾ പിന്നിടുമ്പോൾ നമുക്കാവട്ടെ പുതിയ സരണികൾ ഇനിയും വെട്ടിത്തുറക്കാൻ ആയിട്ടില്ല. ഈ സ്ഥിതി പരിതാപകരമാണ്.” - അദ്ദേഹം മനോവേദനയോടെ പറഞ്ഞു.

കാവ്യഗുണമേറിയ ഒട്ടേറെ നല്ല ഗാനങ്ങൾ മലയാള സിനിമക്ക് നൽകിയ ഭാസ്കരൻ മാഷിന്റെ ശ്രദ്ധ ഇന്നത്തെ സിനിമയിലെ ഗാനവിഭാഗത്തിലേക്ക് തിരിച്ചപ്പോൾ അദ്ദേഹം കൂടുതൽ വാചാലനായി.

“നല്ലൊരു ഗാനം എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണകൾ ഉള്ള എത്ര സംവിധായകർ നമുക്കുണ്ട് ? ചിത്രത്തിന്റെ നീളം വലിച്ചു കൂട്ടാൻ മാത്രമായിട്ട് ഗാനരംഗങ്ങൾ കുത്തിനിറക്കുന്നവർ എത്രയേറെയാണ് !” അദ്ദേഹത്തിന്റെ വാക്കുകളിൽ അമർഷമുണ്ടായിരുന്നു.

ഗാനത്തിന്റെ വ്യാകരണത്തെക്കുറിച്ചോ ശാരീര ശാസ്ത്രത്തെക്കുറിച്ചോ, കലാംശത്തെക്കുറിച്ചോ യാതൊരു അറിവും ഇല്ലാത്ത സംവിധായകരുടെയും നിർമ്മാതാക്കളുടെയും എണ്ണം വർദ്ധിക്കുന്നതിനോടൊപ്പം ഇന്നത്തെ ദുരവസ്ഥ തുടരുക തന്നെ ചെയ്യുമെന്ന് അദ്ദേഹം സംശയലേശമന്യേ പറഞ്ഞു.

“ചക്കിക്കൊത്ത ചങ്കരൻ” എന്ന മട്ടിൽ ഇത്തരം നിരക്ഷരകക്ഷികളായ സംവിധായകരുടെയും നിർമ്മാതാക്കളുടെയും താളത്തിനൊപ്പിച്ചുതുള്ളാൻ ചില “മഹാകവികളും” ഇവിടെ രംഗപ്രവേശനം ചെയ്തിരിക്കുന്നു. ഇവർ പാട്ടുകൾ രചിക്കുകയല്ല മറിച്ച് അക്ഷരങ്ങൾ നിരത്തുകയാണ് ചെയ്യുന്നത്.

പുതിയ തലമുറയിൽപ്പെട്ടവരിൽ കഴിവുകൾ ഉള്ളവർ ഉണ്ടെന്ന യാഥാർത്ഥ്യത്തിനു നേരെ താൻ കണ്ണടക്കുകയല്ലെന്നും ഭാസ്കരൻ പറഞ്ഞു. പക്ഷേ ഇവർ നിലനിൽപ്പിനായി കോമാളിവേഷം കെട്ടിയാടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലയാള സിനിമയുടെ വളർച്ചയ്ക്ക് സഹായകരമാകുന്ന ഒട്ടേറെ പ്രവർത്തന പദ്ധതികൾ ചലച്ചിത്ര വികസന കോർപ്പറേഷന്റെ ചെയർമാനായിരിക്കുമ്പോൾ താൻ ആസൂത്രണം ചെയ്തു നടപ്പിലാക്കിയിട്ടുണ്ടെന്ന് മറ്റൊരു ചോദ്യത്തിന് ഉത്തരമായി അദ്ദേഹം മൊഴിഞ്ഞു. നമ്മുടെ സിനിമാക്കാരുടെ ആഗ്രഹാബിലാഷങ്ങൾക്കൊത്തുയർന്നവിധം ചിത്രാഞ്ജലി സ്റ്റുഡിയോയിലെ സൗകര്യങ്ങൾ വർധിപ്പിച്ചു, നല്ല സിനിമയുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിന് ഏറെ ഉപയോഗപ്രദമാകുന്ന “പാക്കേജ് സ്കീം” ആരംഭിച്ചു തുടങ്ങിയവ അദ്ദേഹം എടുത്തു പറഞ്ഞ നേട്ടങ്ങളിൽ പ്രമുഖമായവയാണ്.

അനന്തപുരിയിൽ അരങ്ങേറിയ അന്താരാഷ്ട്ര ചലച്ചിത്രോത്സവം പുതിയൊരു ചലച്ചിത്രാവബോധം വളർത്തുന്നതിന് പ്രേരകമായിത്തീരുമെന്നാണ് ഭാസ്കരൻ വിശ്വസിക്കുന്നത്. നമ്മുടെ സിനിമാക്കാരുടെ ആശയദാരിദ്ര്യം അവസാനിപ്പിക്കുന്നതിന് മേള വഴിതെളിച്ചേക്കാനിടയുണ്ടെന്ന് അദ്ദേഹം ചിരിച്ചുകൊണ്ട് കൂട്ടിച്ചേർത്തു.

അമ്പതാം വാർഷികം ആഘോഷിക്കുന്ന മലയാള സിനിമയുടെ ചരിത്രത്തിലേക്ക് വിരൽചൂണ്ടുന്ന 150 മിനിട്ട് ദൈർഘ്യമുള്ള ഒരു ചിത്രത്തിന്റെ വർക്കിൽ വ്യാപൃതനായിരിക്കുകയാണ് ഇപ്പോൾ അദ്ദേഹം. കെ. എഫ്. ഡി. സി നിർമിക്കുന്ന ഈ ചിത്രത്തിന്റെ രചനയും സംവിധാനവും ഭാസ്കരൻ മാഷ് തന്നെയാണ് നിർവഹിക്കുന്നത്.

ഈ ചിത്രത്തിന്റെ വർക്കിന് ശേഷം ഇതേ വിഷയത്തെ ആസ്പദമാക്കി 30 സീരിയലുകൾ ഉള്ള ഒരു ടെലിവിഷൻ പരമ്പരയും ഭാസ്കരൻ മാഷ് ഒരുക്കുന്നു. മലയാള സിനിമാ ചരിത്രത്തിന്റെ നാഴികക്കല്ലുകൾ അനാവൃതമാക്കുന്ന ഈ പരമ്പര ചരിത്ര കുതുകികൾക്ക് ഒരു അപൂർവ സ്വത്താവും.

1988 ഫെബ്രുവരി 24 ലക്കം ചലച്ചിത്രം വാരികയിൽ പ്രസിദ്ധീകരിച്ച ബി. സി. നൗഫൽ തയ്യാറാക്കിയ അഭിമുഖം.
©Chalachithram/1988