Thikkurissy Sukumaran Nair

മണക്കാട്ട് ഭവനത്തിൽ വെച്ച് ബന്ധുക്കളുടേയും അവിടത്തെ നാട്ടുകാരുടേയും അന്ത്യോപചാരങ്ങൾക്കുശേഷം ജഡം തിരുവനന്തപുരം ടൗൺഹാളിൽ യഥോചിതമായ ആഡംബരങ്ങളോടുകൂടി പൊതുജനങ്ങൾക്കു കാണാൻ വേണ്ടി പ്രദർശിപ്പിക്കപ്പെട്ടു.

ആയിരക്കണക്കിനു ജനങ്ങൾ അകലുഷിതമായ നേത്രങ്ങളോടെ ആ വലിയ കലാകരന്റെ ശവശരീരം ദർശിച്ചു. നികത്താൻ വയ്യാത്ത ഒരു നഷ്ടത്തെക്കുറിച്ച് എല്ലാപേരും ഒരേപോലെ ദു:ഖിച്ചു. പുഷ്പഹാരങ്ങളും റീത്തുകളും അദ്ദേഹത്തിന്റെ ചുറ്റും കുന്നുകൂടി. ഒരു വമ്പിച്ച ജനാവലി അവിടെ തിങ്ങിക്കൂടിയെങ്കിലും അന്തരീക്ഷം നിശ്ശബ്ദമായിരുന്നു. മൗനം അവിടെ തളം കെട്ടിനിന്നു.

നേരം മദ്ധ്യാഹ്നമാകുന്നതിനുമുമ്പും ജഡം മ്യൂസിയത്തിനടുത്തുള്ള പള്ളിപ്പറമ്പിലേയ്ക്ക് ഒരു ഘോഷയാത്രയായി ആനയിക്കപ്പെട്ടു. അനുഗമനം ചെയ്ത ജനത്തെ നിയന്ത്രിക്കാൻ പോലീസ് വളരെയധികം പണിപ്പെട്ടു. പിന്നാലെ ജനങ്ങളുടെ ഒരു മഹാസമുദ്രം ഒഴുകിവന്നു.

ഞാനായിരുന്നു ശവമഞ്ചത്തിന്റെ തലയ്ക്കൽ നിന്നു ചുമന്നത് എന്നോടൊപ്പം മറ്റാരോ ഉണ്ടായിരുന്നു. ആരെന്നോർമ്മയില്ല. പലരും ആ ശവമഞ്ചത്തെ സ്പർശിച്ചു നടന്നു. പലരും തൊട്ടു കണ്ണിൽ വെച്ചു. അങ്ങനെ പള്ളിപ്പറമ്പിലെത്തി.

മതപരമായ ചടങ്ങുകളോടുകൂടി ആ ശവമഞ്ചം കുഴിയിലേയ്ക്കു താത്തപ്പെട്ടു. അഭിനയകലയുടെ ശവക്കുഴിയായിരുന്നു അത്. ഒരു അത്ഭുതപ്രതിഭാസത്തിന്റെ കബറടക്കുമായിരുന്നു അത്. എല്ലാം കഴിഞ്ഞു. ഇനി സ്മരണകൾ മാത്രം.

അതുകഴിഞ്ഞ് ഞാൻ നേരേ എന്റെ വീട്ടിൽ വന്നു. ധാരധാരയായി ഒഴുകിയ കണ്ണുനീരിനെ തുടച്ചു തുടച്ചുമാറ്റിക്കൊണ്ട് ഞാനൊരു കവിതയെഴുതി. “അശ്രുപൂജ”.

അത് കവിതയ്ക്കുവേണ്ടി മാത്രമെഴുതിയ ഒരു കവിതയല്ല. ഉള്ളിലൊതുങ്ങാത്ത ദു:ഖത്തെ എങ്ങനെയെങ്കിലും പുറത്തുചാടിച്ചു തെല്ലൊരു സമാധാനവും ശാന്തിയും കിട്ടുവാൻ വേണ്ടി ചെയ്ത് ഉച്ചത്തിലുള്ള ഒരു നിലവിളിയായിരുന്നു.

തെരുതെരെയഴൽ തിങ്ങും മാനസത്തിനുറക്കെ കരയുകിലതു തന്നെതെല്ലൊരാശ്വാസഹേതു

എന്ന ആപ്തവചനത്തിന്റെ മറെറാരു വകഭേദമായിരുന്നു. കവിത അനർഗ്ഗളമായി ഒഴുക്കിക്കൊണ്ടിരുന്ന കണ്ണീരോടുകൂടിത്തന്നെ യാണു എഴുതിത്തീർത്തത്, ഒറ്റയ്ക്ക് ഒരു മുറിയിലിരുന്നു. എന്റെ കണ്ണുനീരുവീണു കടലാസ്സിലെ എഴുത്തുകളിൽ മഷി പടർന്നു.

പല അക്ഷരങ്ങളും തെളിയാതെപോയി. കടലാസ്സ് കുതിർന്നു. എനിക്കെന്തിന് ഇത്രയും ദു:ഖം, എന്നു ഞാൻ സ്വയം ചോദിച്ചുപോയി. ആ ചോദ്യത്തിനും ഇന്നും ഉത്തരം കിട്ടിയിട്ടില്ല. ആ കവിത ഞാൻ ചുവടെ ചേർക്കുന്നു.

1986 ഏപ്രിൽ 16 ലക്കം ചലച്ചിത്രം വാരികയിൽ പ്രസിദ്ധീകരിച്ചത്.
©Chalachithram/1986