
Nana Film Weekly
കോൺടാക്റ്റർ രാധാകൃഷ്ണൻറെ കിടപ്പുമുറി.
അകത്തെ മുറികളിൽ നിന്നും സി.പി യുടെ ഉച്ചത്തിലുള്ള ശ്ലോകം ചൊല്ലലിൻറെ ശബ്ദം ഉയർന്നു കേൾക്കുന്നു.
ഒരു കസേരയിലിരുന്ന് പത്രം നോക്കുന്ന രാജാകൃഷ്ണന്റെ അടുക്കലേക്ക് ബെഡ്ഷീറ്റും മടക്കിക്കൊണ്ട് ഭാര്യ സരോജം വന്നു.
‘കേട്ടില്ലേ അനിയൻറെ ഭക്തിപ്രാന്ത് വെളിച്ചായപ്പോ തുടങ്ങീതാ . മനുഷ്യന് ചെവിതല കേട്ടിരിക്കാൻ മേല. കൃഷ്ണനിപ്പം അങ്ങോട്ട് പുഴുങ്ങിക്കൊടുക്കും. അവനോടീ നിലവിളിയോന്ന് നിർത്താൻ പറയുന്നേയ്’ സരോജം രാധാകൃഷ്ണൻ കേൾക്കെ പുലമ്പി..
‘ഹേ വ്യായാമം നല്ലതാ ചെയ്തോട്ടെ’ രാധാകൃഷ്ണൻ ഹാസ്യരൂപേണ അനിയനെ കളിയാക്കി.
‘അവനവന്റെ മനസ്സുനന്നാവാതെ പ്രാർത്ഥിച്ചിട്ട് ഒരു കാര്യവുമില്ല. സ്വന്തം ചേട്ടനോടല്ല അവന് അസൂയേം വൈരാഗ്യവും. പിന്നെങ്ങനെ നന്നാവും. ഇന്നാളവൻപറയാ അച്ഛനെ കൊണ്ട് താഴത്തില്ലത്തെ നെൽപ്പാടം വിൽപ്പിച്ചിട്ടാത്രെ നിങ്ങൾ കോൺടാക്ടറായത് ’.
‘അതിന് ?’ രാധാകൃഷ്ണൻ സംശയഭാവത്തിൽ ഭാര്യയെ നോക്കി.’
‘കുടുംബസ്വത്ത് അങ്ങനെയൊരാൾക്ക് മാത്രം വിഴുപ്പിലാക്കാനുള്ളതല്ലെന്ന് !’.
‘അങ്ങനെ അവൻ പറഞ്ഞോ ?’
രാധാകൃഷ്ണന് സംശയമേറി.
പിന്നെ ഞാൻ സ്വപ്‌നം കണ്ടോ?’.
ബാക്കിയുള്ളത് അവനുവേണ്ടി വിൽക്കാൻ അച്ഛനോട് അവൻ പറയാത്തതെന്ത്?’.
‘നിങ്ങൾ ചോദിക്ക്’.
‘വേറെ ജോലിയില്ലേ? ഞാൻ തൊലിക്കില്ലാന്ന് അച്ഛന് വിശ്വാസം ഉണ്ടായിരുന്നു. അതുകൊണ്ട് വിറ്റു .
അവൻ തൊലച്ച് കുളം തോണ്ടുമെന്ന് അച്ഛനറിയാം . അവൻ കാരണം അച്ഛനത് തലയുയർത്തി നടക്കാൻ പറ്റുന്നുണ്ടോ? _ സർവത്ര കള്ളപ്പണിയാണ്. അളിയൻ ഈ മുനിസിപ്പാലിറ്റീന്ന് മാറാൻ ശ്രമിക്കാത്രെ’.

പ്രിയദർശിൻ സംവിധാനം ചെയ്യുന്ന വെള്ളാനകളുടെ നാട്ടിൽ എന്ന ചിത്രത്തിലെ രംഗമായിരുന്നു ഇത്. കോഴിക്കോട്ടെ വെസ്റ്റ്ഹില്ലിനടുത്തുള്ള ഒരു വീട്ടിൽവെച്ച് ചിത്രീകരിച്ച ഈ രംഗത്ത് രാധാകൃഷ്ണനായി കരമന ജനാർദ്ദനൻ നായരും സരോജമായി കെ.പി.ഏ.സി ലളിതയുമാണ് അഭിനയിച്ചത്. സരസ്വതി ചൈതന്യയുടെ ബാനറിൽ നടൻ രാജുവാണ് ചിത്രം നിർമ്മിക്കുന്നത്. രാധാകൃഷ്ണൻറെ സഹോദരൻ പി.ഡബ്ല്യൂ.ഡി കോൺട്രാക്ടറായ കോൺട്രാക്ടറായ സി.പി നായരെ രാധാകൃഷ്ണനും ഭാര്യയും വിമർശിക്കുന്ന രംഗമായിരുന്നു ഇത്.
ആദർശശീലനും സത്യസന്ധനുമായിരുന്ന സി. പവിത്രൻ നായർ (മോഹൻലാൽ) കോളേജ് ജീവിതം ഇടയ്ക്കുവെച്ച് നിർത്തേണ്ടി വന്നതും നാടുവിടാൻതന്നെ കാരണമായതും താനേറെ സ്നേഹിച്ചിരുന്ന രാധ (ശോഭന)യിൽ ഉള്ള ആത്മവിശ്വാസം മൂലമായിരുന്നു. ഒരു നിസ്സാര പ്രശ്നത്തിൽ രാധയുടെ കരണത്തടിച്ചത് അവൾ സീരിയസായി എടുത്തപ്പോൾ സി. പവിത്രൻ നായരെന്ന സി.പി നായർക്ക് നാട്ടുകാരും വീട്ടുകാരും എതിർപ്പായി.
ഏറെക്കാലത്തിന് ശേഷം സി.പി നായർ തിരിച്ചെത്തിയത് എന്തെങ്കിലും തൊഴിൽ ചെയ്യണമെന്നാഗ്രഹിച്ചാണ്.
ചേട്ടൻ രാധാകൃഷ്ണൻ (കരമന ) നാട്ടിലെ അറിയപ്പെടുന്ന കോൺട്രാക്റ്ററാണ്. സി.പി യെ താഴേക്കുന്ന് മുൻസിപ്പാലിയറ്റിയിലെ കോൺട്രാക്റ്ററാകാൻ പ്രേരിപ്പിച്ചത് ചേട്ടൻ രാധാകൃഷ്ണന്റെ പാരമ്പര്യം കണ്ടല്ല.
മുൻസിപ്പാലിറ്റിയിലെ മരാമത്തു പണികളുടെ കോൺട്രാക്റ്റ് ഏറ്റെടുത്ത സി.പിക്ക് അവിടുത്തെ അനുഭവങ്ങൾ സ്വന്തം മനസാക്ഷിക്കും ആദർശത്തിനുമെതിരായിരുന്നു. അവിടുത്തെ പണികൾ തുടരണമെങ്കിൽ കൈകൂലി കൊടുക്കുകയും പണികളിൽ കൃത്രിമം കാണിക്കേണ്ടതായും വരും. ഗത്യന്തരമില്ലാതെ സി.പിക്ക് അതൊക്കെ ചെയ്യേണ്ടി വന്നു.
ഒരിക്കൽ പുതുതായി ചാർജ്ജെടുത്ത മുനിസിപ്പൽ കമ്മീഷണറെക്കണ്ടു ഞെട്ടി. അത് രാധയായിരുന്നു. ഇരുവർക്കും അൽപനേരം ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല.
‘നിങ്ങളാണല്ലോ ഇവിടുത്തെ പി.ഡബ്ല്യൂ.ഡി കോൺട്രാക്റ്റർ സി.പി നായർ അല്ലെ? ’ രാധയുടെ അധികാരത്തിലുള്ള സ്വരം സി.പിയെ ക്രുദ്ധനാക്കി.
’ എന്താ പിടിച്ചില്ലേ ? ‘സി.പി തിരിച്ചു ചോദിച്ചു.
‘ഞാനിവിടെ ചാർജ് എടുത്തപ്പോൾ ആദ്യം തന്നെ നിങ്ങളും നിങ്ങളെക്കുറിച്ചുള്ള പരാതികളാണ് എനിക്ക് കിട്ടിയത്. നിങ്ങൾ കോളേജിലെ ഏറ്റവും വലിയ ആദർശവാദിയും പുരോഗമന ചിന്താഗതിക്കാരനും ആയിരുന്നല്ലോ. ഇപ്പോൾ ഇതൊക്കെ ഇപ്പോൾ അതൊക്കെ വിട്ടോ? അതോ നേതാക്കന്മാരെ പോലെ വാക്കുകൾ മാത്രമേ ആദർശമുള്ളോ?.
ഞാനിന്നും പഴയ സി.പി നായർ തന്നെ എന്നെ ഈ നിലയിൽ എത്തിച്ചത് നിങ്ങളാണ്’. ആ വാക്കുകൾ രാധയെ ഞെട്ടിച്ചുകളഞ്ഞു.
സി.പി ക്ക് വലിയവനാകണം. എല്ലാവരും ബഹുമാനിക്കുന്ന സി.പി . അതാണ് അയാളുടെ സ്വപനം. പക്ഷേ ഒന്നിന് പുറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്ന വിപത്തുകൾ . അയാളുടെ സ്വപ്നം സാക്ഷാത്കരിക്കുമോ? ഇതിനുള്ള ഉത്തരം കണ്ടെത്തുകയാണ് പ്രിയദർശൻ ഈ ചിത്രത്തിലൂടെ.
കോൺട്രാക്ടർമാരുടെ ഇടയിലെ അഴിമതികൾ തികഞ്ഞ നർമ്മരസത്തിലൂടെ പ്രതിപാദിക്കുകയാണ് പ്രിയൻ.
പ്രേക്ഷകന് ചിന്തിക്കാൻ ചിരിക്കാനും സാധിക്കുന്ന സി.പി നായരെ അനശ്വരമാകുന്നത് മോഹൻലാലാണ്. മോഹൻലാലിനെ കൂടാതെ ശ്രീനിവാസൻ, എം.ജിസോമൻ, രാജു, കരമന, ജനാർദ്ദൻ നായർ , ജഗദീഷ് കുതിരവട്ടം പപ്പു , ഇന്നസെന്റ്, കുഞ്ചൻ, തിക്കുറുശ്ശി, സി. എ. പോൾ, പവിത്രൻ, ശോഭന, ലിസ്സി, റാണിചന്ദ്ര, കെ.പി.ഏ.സി ലളിത, തൊടുപുഴ വാസന്തി, സുകുമാരി എന്നിവരും അഭിനയിക്കുന്നു.

ആക്ഷേപഹസ്യങ്ങളും വിമർശനങ്ങളും തികച്ചും തന്മയത്ത്വമായി രചിക്കുന്ന ശ്രീനിവാസനാണീ ചിത്രത്തിന്റെ രചന. കൈതപ്പ്രം ദാമോദരൻ നമ്പൂതിരിയുടെ ഗാനങ്ങൾക്ക് എം.ജി രാധാകൃഷ്ണൻ സംഗീതം പകരുന്നു. എസ്. കുമാർ ഛായാഗ്രഹണവും എൻ. ഗോപാലകൃഷ്ണൻ ചിത്രസംയോജനവും വാഴൂർ ജോസ് വാർത്താപ്രചരണവും കൃഷ്ണൻകുട്ടി കലാസംവിധാനവും നിർവഹിക്കുന്നു. കെ.മോഹനനാണ് നിർമ്മാണ നിയന്ത്രണം.
വി .ആർ ഗോപാലകൃഷ്ണൻ (അസോസിയേറ്റ് ഡയറക്ടർ),വിഷ്ണുനാഥ്, വിജയ്(സഹസംവിധാനം), റോയ്.പി.മാത്യു (ഓഫീസ് നിർവ്വഹണം), രാമലിംഗം (നിശ്ചല ഛായാഗ്രഹണം), മണി (മേക്കപ്പ്), വിശ്വനാഥ്(വേഷാലങ്കാരം) എന്നിവർ അണിയറയിൽ പ്രവർത്തിക്കുന്നു.
തരംഗിണി ഫിലിംസ് ഈ ചിത്ര പ്രദർശനത്തിനെത്തിക്കുന്നു.
1988 ഡിസംബർ 11 ലക്കം നാന സിനിമാ വാരികയിൽ പ്രസിദ്ധീകരിച്ചത്.
©Nana Film Weekly/1988


